- Target:
- Kairali TV, Women Associations, TV Viewers
- Region:
- India
- Website:
- vasthavamdaily.blogspot.com
ആന്‍ ആവറേജ് ഇന്‍ഡ്യന്‍ മെയ്‌ല് ഹാസ് സെക്സ് ഇന്‍ മൈന്‍ഡ് ആന്‍ഡ് ഫിയര്‍ അറ്റ് ഹാര്‍ട്ട്' (മനസ്സ് നിറയെ കാമവും ഹൃദയത്തില്‍ ഭയവും കൊണ്ടു നടക്കുന്ന (ശുംഭന്മാരാണ്) ഇന്ത്യയിലെ ശരാശരി പുരുഷന്‍). വിശ്രുത ഇന്ത്യന്‍ ഗ്രന്ഥകാരന്‍ നിരാദ് സി. ചൗധരിയുടെ ഈ നിരീക്ഷണത്തിന്റെ ചപലവും അശ്ലീലഭരിതവുമായ ഒരു സാന്നിദ്ധ്യം കാണണമെന്നും ആ സത്വത്തിന്റെ വായില്‍ നിന്ന് വീഴുന്ന മ്ലേച്ഛവും ഓക്കാനം വരുത്തുന്നതുമായ മൂരിശൃംഗാരപദാവലികേള്‍ക്കണമെന്നുമുള്ളവര്‍, തിങ്കള്‍ മുതല്‍ വ്യാഴം വരെ കൈരളി ടീവിയിലെ 'ജോയ് ആലൂക്കാസ് എല്ലാരും പാടണ്' എന്ന റിയാലിറ്റി ഷോ ട്യൂണ്‍ ഇന്‍ ചെയ്യുക. (ഇന്ത്യയില്‍ വൈകീട്ട് 7.30 മുതല്‍ 8.30 വരെ. ഗള്‍ഫില്‍ വൈകീട്ട് 5.30-6.30 വരെ)
കുടുംബാംഗങ്ങള്‍ ഒന്നിച്ച് മത്സരിക്കുന്ന ഈ വ്യത്യസ്ത റിയാലിറ്റി ഷോയുടെ നിര്‍മാതാവ് ഷിബു ചക്രവര്‍ത്തി(ചലച്ചിത്ര ഗാനരചയിതാവ്)യും സംവിധാനം സെന്തിലുമാണ്.
സംഗീത സംവിധായകന്‍ രഘുകുമാര്‍, കര്‍ണാടകസംഗീത വിദുഷി സൗമ്യ, സംഗീതസംവിധായകന്‍('സംഗതി'ഫെയിം) ശരത്ത് എന്നിവരാണ് വിധികര്‍ത്താക്കള്‍.
സിദ്ധിയും സാധനയും കൊണ്ട് ഗാനസാഗരത്തിന്റെ മറുകരകണ്ടവരൊന്നുമല്ല ഈ പരിപാടിയില്‍ മത്സരിക്കുന്നത്. ശാന്തിമഠം വില്ലാസിന്റെ 35 ലക്ഷം രൂപ വിലവരുന്ന വില്ല സ്വന്തമാക്കാം എന്ന ഒറ്റ ലക്ഷ്യത്തോടെ പങ്കെടുക്കുന്നവരുമല്ല ഭൂരിപക്ഷവും. വാഗീശ്വരിയുടെ അനുഗ്രഹത്താല്‍ ഗാനമാലപിക്കാന്‍ കെല്‍പ് ലഭിച്ചിട്ടുണ്ടെങ്കിലും പൊതുവേദിയില്‍ അതിനുള്ള അവസരം ലഭിച്ചിട്ടില്ലാത്തവരാണ് മത്സരാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും.
ഇത്രയും പശ്ചാത്തലം.
ഇനി ആദ്യ റൗണ്ടിലേയ്ക്ക്-
Ist Round
മത്സരാര്‍ത്ഥികളുടെ ആലാപനത്തിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടി, തെറ്റുതിരുത്തി നന്നായി പാട്ടുപാടാന്‍ അവരെ സജ്ജരാക്കുവാനായിരിക്കണം മൂന്ന് വിധികര്‍ത്താക്കളെ നിര്‍മാതാവും സംവിധായകനും വേദിക്കരികില്‍ പ്രത്യേകാസനത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. അറിയാം വിമര്‍ശനം ഒരിക്കലും സൗമ്യമായിരിക്കില്ല; അല്ല അങ്ങനെ ആകാനും പാടില്ല. എന്നുവച്ച് വായില്‍തോന്നുന്നതെല്ലാം, വൃത്തികെട്ട ഭാവഹവാദികളോടെ വിളിച്ചുപറഞ്ഞ് മത്സരാര്‍ത്ഥികളെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ തൊലിയുരിച്ച് രസിക്കുന്നതിനെ വിധിനിര്‍ണയം എന്നല്ല വൈകൃതഭരിതമായ 'സാഡിസം' എന്നാണ് വിശേഷിപ്പിക്കേണ്ടത്. ആ സാഡിസ്റ്റ് ഉദീരണങ്ങളില്‍ നിന്ന് ദുഷിച്ച കാമത്തിന്റെ ദുഃര്‍ഗന്ധം കൂടി ഒലിച്ചിറങ്ങിയാലോ?
ക്ഷമിക്കേണ്ട, ശരത് എന്ന വിധികര്‍ത്താവ് വായ് തുറക്കുന്നത് ഇത്തരത്തിലുള്ള വൈകൃതത്തിന് വാക്യരൂപം നല്‍കാനാണ്.
ശരത്തിന്റെ ചില സംഗീത വിലയിരുത്തലുകള്‍ കേള്‍ക്കുക:
മത്സരാര്‍ത്ഥികള്‍ ഒരു അമ്മയും മകനും. പാട്ടുകഴിഞ്ഞു. അപ്പോഴെത്തി ശരത്തിന്റെ കമന്റ് 'മോനേ, മോന്റെ പാട്ടുകേട്ടപ്പോള്‍ ഇവിടെനിന്നിറങ്ങിപ്പോകാനാ തോന്നീത്' ആ പാവം അമ്മയും കടലാസുപോലെ വിളറിനിന്നുപോയി. മേലാല്‍ ആ കുട്ടി പൊതുവേദിയില്‍ ഗാനമാലപിക്കാന്‍ തയ്യാറാവില്ല, തീര്‍ച്ച.
കാഷ്വല്‍ ഡ്രസിലാണ് ആ പെണ്‍കുട്ടി പാട്ടുപാടാനെത്തിയത്. ആ വേഷം ശരത്തിന് 'ക്ഷ' പിടിച്ചുപോയി! 'മോളേ, മോള്‍ ആദ്യമായാണോ ഈ ഡ്രസ്സിടുന്നത്? എന്തൊക്കെ അഭ്യാസമാ ഡ്രസ്സിന്റെ മുകളില്‍ മോള്‍ കാണിച്ചിരിക്കുന്നത്?' ശരത്തിന്റെ ആ വഷളന്‍ കമന്റ് കേട്ട് പെണ്‍കുട്ടി നിന്നുരുകുന്നതാണ് കണ്ടത്. പണ്ട് ആഭാസന്മാരുടെ ഇടയില്‍ നിന്ന് സീതയെ രക്ഷിക്കാന്‍ ഭൂമി പിളര്‍ന്നതുപോലെ സംഭവിച്ചെങ്കിലെന്ന് ആ കുട്ടി സര്‍വ ദൈവങ്ങളേയും വിളിച്ച് പ്രാര്‍ത്ഥിച്ചു കാണും, മൂന്നരത്തരം.
IInd Round
കുടുംബഗീതം സെഗ്മെന്റ്-
ഒരു പോലിസുകാരനും കുടുംബാംഗങ്ങളും പാടിത്തീര്‍ന്നതോടെ സംഘത്തിലെ 12കാരിയോട് ശരത്തിന്റെ ചോദ്യം 'മോള്‍ അച്ഛന്റെ കൂടെ കെടക്കാറുണ്ടോ?' ആ കുട്ടിയുടെ അച്ഛനും അമ്മയും മാത്രമല്ല മറ്റ് മത്സരാര്‍ത്ഥികളും ടിവി പ്രേക്ഷകരും സ്തംഭിച്ചു പോയ നിമിഷം. ആഭാസത്തരം അതിന്റെ എല്ലാ അശ്ലീലതകളും പ്രദര്‍ശിപ്പിച്ച ശപ്തവേള!
IIIrd Round
മറുനാടന്‍ ഗീതം സെഗ്മെന്റ്:
പാട്ടുപാടിയത് ഒരു അറുപതുകാരന്‍, പ്രായപൂര്‍ത്തിയായ ആണ്‍മക്കളും പെണ്‍മക്കളും അടങ്ങിയ കുടുംബം ഒപ്പമുണ്ട്. പൊതുവേദിയില്‍ പാടിപ്പരിചയമില്ലാത്ത പിതാവ്. അതുകൊണ്ട് പാട്ടിലെ പദങ്ങള്‍ മറന്നു, സ്വരത്തില്‍ വിറയല്‍ പടര്‍ന്നു. 'എന്തുപറ്റി?' എന്ന ശരത്തിന്റെ ചോദ്യത്തിന് 'വിറച്ചുപോയി' എന്ന സത്യസന്ധമായ മറുപടി. 'കല്യാണം കഴിച്ചയാള്‍ ആദ്യമായിട്ടാണോ വിറയ്ക്കുന്നത്?' മുഖത്തടിയേറ്റതുപോലെ ആ പിതാവ് സ്തംഭിച്ചു നിന്ന കാഴ്ച്ച!
IVth Round
യുഗ്മഗീതം സെഗ്മെന്റ്:
ബി.ടെക് പാസ്സായ സഹോദരിയും ബി.ടെക്-ന് പഠിക്കുന്ന സഹോദരനും ആലപിച്ചത് സാന്ദ്രമായൊരു പ്രണയഗീതം. സഹോദരനോളം ആലാപന വൈദഗ്ദ്ധ്യമില്ലായിരുന്നു സഹോദരിക്ക്. ശരീരവും ശാരീരവും ശോഷിച്ച ഒരു പാവം. അവരുടെ ആലാപനത്തിലെ അപാകങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെ നുഴഞ്ഞെത്തി ശരത്തിന്റെ സ്ഥിരം വഷളത്തരം 'മാറിടം തുടിക്കുന്ന ആ ഭാഗമുണ്ടല്ലോ, അവിടം, അതെന്താ മോളേ താന്നുപോയത്? കൂടെപ്പാടിയത് അനിയനായതു കൊണ്ടാണോ?'
ആ ചേച്ചിയും അനിയനും മാത്രമല്ല അന്ന് ആ പരിപാടി കണ്ട എല്ലാവരും മനസ്സില്‍ ശരത്തിനെ പ്രാകി കോന്നിട്ടുണ്ടാകും, കൊലവിളി നടത്തിയിട്ടുണ്ടാകും; സംശയമില്ല.
അച്ചടിക്കാവുന്ന മ്ലേച്ഛതകളില്‍ ചിലതു മാത്രമാണ് മുകളില്‍ ഉദ്ധരിച്ചത്.
വായനക്കാര്‍ക്ക് എന്തു തോന്നുന്നു? ഒറ്റയടിക്ക് കരണം പൊട്ടിക്കേണ്ട തെമ്മാടിത്തരമല്ലേ ശരത് എന്ന സംഗീത സംവിധായകന്‍ ഒരു സംഗീത പരിപാടിയുടെ മറവില്‍, റിയാലിറ്റി ഷോയായത് കൊണ്ട് എന്തും പറയാം എന്ന 'ഞായത്തില്‍' വിളമ്പിയതെല്ലാം?
'എക്സിബിഷനിസം' (പ്രദര്‍ശനത്തിലെ രതി) എന്നൊരു മാനസീക വ്യതിയാനമുണ്ടെന്ന് മനശ്ശാസ്ത്ര വിദഗ്ദ്ധര്‍ പറയും. സാധാരണക്കാര്‍ ഇതിനെ 'വൈകൃതം'എന്നു വിളിക്കും. അടിച്ച് പുറം പൊളിക്കേണ്ട തെമ്മാടിത്തരമെന്ന് വിശേഷിപ്പിക്കും. അത്തരമൊരു ആഭാസമാണ്, ഡോ. ബാലമുരളീകൃഷ്ണയുടെ പ്രിയ ശിഷ്യനായ ശരത് 'എല്ലാരും പാടണ്' എന്ന സംഗീതപരിപാടിയുടെ വിലയിരുത്തല്‍ എന്ന മട്ടില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. 'അമ്മയേയും പെങ്ങളേയും തിരിച്ചറിയാന്‍ കഴിയണം' എന്ന് മലയാളത്തില്‍ ഒരു സാരോപദേശമുണ്ട്.
വിധികര്‍ത്താവിന് ആ ബോധമില്ലെങ്കില്‍ പരിപാടിയുടെ നിര്‍മ്മാതാവിനോ സംവിധായകനോ എഡിറ്റര്‍ക്കോ അത് കൂടിയേതീരൂ. കാരണം സ്വദേശത്തും വിദേശത്തും കുടുംബമൂല്യങ്ങളും പെരുമാറ്റ-സംസാരമര്യാദകളും പാലിക്കുന്നവരാണ് ഈ പരിപാടിയുടെ പ്രേക്ഷകര്‍. സൗമ്യയും രഘുകുമാറും എത്ര മാന്യമായി, എത്ര സംസ്കാരസമ്പന്നതയോടെയാണ് അഭിപ്രായങ്ങള്‍ പറയുന്നത്! ശരത്തിനേയും ആ ലൈനില്‍ കോണ്ടുവന്നേ തീരൂ. വഷളത്തം നിറഞ്ഞ ഇത്തരം കമന്റുകള്‍ കേട്ട് മറ്റൊരു വിധികര്‍ത്താവായ 'സൗമ്യ മാം' തലകുമ്പിട്ടിരുന്ന് അടക്കിച്ചിരിക്കുമ്പോള്‍ 'ശരത് സാര്‍' ഏഴാം സ്വര്‍ഗത്തില്‍ എത്തുന്നുണ്ടായിരിക്കാം (ഥൂ!). സ്ത്രീകളുടെ മുന്‍പില്‍ ഞെളിയാന്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങളും കെട്ട വളിപ്പുകളും കെട്ടഴിച്ചു വിടുന്നതിനെ 'വാച്യ-പ്രദര്‍ശന-രതി' (വെര്‍ബല്‍-എക്സിബിഷനിസം) എന്നാണ് വിശേഷിപ്പിക്കേണ്ടത്.
പാടില്ല, ശരത് സാര്‍ ഇങ്ങനെ തരം താഴരുത്. വള്ളിനിക്കര്‍ പ്രായത്തില്‍ 'അമൃതവര്‍ഷിണി' രാഗമാലപിച്ച് സാക്ഷാല്‍ ഡോ. ബാലമുരളീകൃഷ്ണയെ അമ്പരപ്പിച്ച സംഗീതസിദ്ധിയാണ് അങ്ങ്. ആ പ്രതിഭയോടുള്ള ആദരത്തോടെ പറയട്ടെ, സംഗീതപ്രേമികള്‍ അങ്ങയോട് പുലര്‍ത്തുന്ന ബഹുമാനം വെറുതെ കളഞ്ഞുകുളിക്കരുത്!
Chorus
കോമണ്‍സെന്‍സ് ഈസ് നോട്ട് കോമണ്‍, 'കാമം'സെന്‍സ് ഈസ് സോ ഫ്രീക്വന്റ്!
Vote of thanks
ഈ ആഭാസത്തരത്തിലേയ്ക്ക് ശ്രദ്ധതിരിച്ചുവിട്ട, നന്മനസ്സിനുടമകളായ ഗള്‍ഫിലെ ആ നാലു പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും...
------------------------------------------------------------------
Source : Vaasthavam Daily, വാസ്തവം ദിനപത്രം, കൊച്ചി.
കൈരളി ചാനല്‍ സം പ്രേക്ഷണം ചെയ്യുന്ന, എല്ലാരും പാടണ് എന്ന സംഗീതപരിപാടിയില്‍ ജഡ്ജസിന്റെ പാനലിലെ ശ്രീ ശരത് എന്ന സംഗീത സംവിധയകന്റെ അതിരുവിട്ടതും അശ്ലീലം നിറഞ്ഞതുമായ കമന്റുകള്‍ക്കെതിരെ പ്രേക്ഷകര്‍ പ്രതികരിക്കുക.
You can further help this campaign by sponsoring it
The കൈരളി ചാനല്‍ സംഗീതപരിപാടിയില്‍ ശരത്തിന്റെ അസഭ്യകമന്റുകള്‍ക്കെതിരെ petition to Kairali TV, Women Associations, TV Viewers was written by Nanda Kumar and is in the category Television at GoPetition.